Sunday, December 18, 2011

ഭയം അനുഗ്രഹമായേക്കാം...

മുങ്ങി താഴുന്ന ഓഹരി നിക്ഷേപകന് ഒരു കച്ചിത്തുരുമ്പ് എങ്കിലും അടുത്തെങ്ങും ലഭിക്കും എന്ന പ്രതീക്ഷ ഇല്ലാതായിരിക്കുന്നു.റീടെയില്‍ എഫ് ഡി ഐ തീരുമാനം രക്ഷക്കെത്തും എന്ന് കരുതി.അതിനെ മമത ഒരു വിരല്‍ കൊണ്ട് മുക്കി.ആര്‍ ബി ഐ കണ്ണടച്ച് ഇരുട്ടാക്കല്‍ അവസാനിപ്പിക്കും എന്ന് കരുതി അതും ഉണ്ടായില്ല. 2G സ്കാം ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒന്നും ചെയ്യാതിരിക്കല്‍ ആണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകണം. ഇത്രയും മോശം ഒരു ഭരണം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകില്ല,ഇനി ഉണ്ടാകാതെയും ഇരിക്കട്ടെ. ഇടയ്ക്കിടെ യോഗം ചേര്‍ന്ന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ എല്ലാം ശരിയാകും എന്ന് കരുതുന്ന ആര്‍ ബി ഐ .അവര്‍ എന്ത് ചെയ്താലും ബലേ ഭേഷ് പറയുന്ന ധനമന്ത്രി. ഇങ്ങിനെ പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് മാത്രം പണപ്പെരുപ്പം ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ എന്ന് ഒരിക്കല്‍ പത്രക്കാര്‍ ചോദിച്ചപ്പോള്‍ ആര്‍ ബി ഐ ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഉയരുന്ന പലിശ നിരക്ക് വ്യാവസായിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉടനെയുണ്ടായി മറുപടി. ഇത് വരെ അതിന്റെ ഒരു സൂചനയും കണ്ടു തുടങ്ങിയിട്ടില്ല എന്ന്.ഒരു തല്ലു കൊണ്ട് ചത്തില്ലെങ്കില്‍ ചാകുന്നത് വരെ തല്ലുക എന്നതാണോ നയം? രണ്ടക്ക സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യം വയ്ക്കുന്ന രാജ്യം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തെ വ്യാവസായിക വളര്‍ച്ച -5.1%. ഇങ്ങിനെ ഞടുക്കുന്ന വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ സമാശ്വാസ വാക്കുകളുമായി പ്രധാന മന്ത്രി വരെ രംഗത്ത്‌ വരാറുണ്ടായിരുന്നു. ഇന്നതൊന്നും ഗൌനിക്കാന്‍ ധനമന്ത്രിക്കോ അലുവാലിയക്കോ പോലും സമയമില്ല.നിരന്തരമായ പലിശ നിരക്ക് വര്‍ദ്ധന വ്യവസായങ്ങളെ തകര്‍ക്കുമെന്ന് ആര്‍ ബി ഐ ക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്ക്കും നേരത്തെ അറിയാമായിരുന്നു. ഇപ്പോള്‍ ഒക്ടോബര്‍ IIP നമ്പറുകള്‍ പുറത്തു വന്നപ്പോള്‍ ആര്‍ ബി ഐ ക്കും മനസ്സിലായി. പ്രത്യക്ഷത്തില്‍ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം. എങ്കിലും റിപ്പോ നിരക്കുകളിലോ പലിശ നിരക്കുകളിലോ ചെറിയ കുറവ് പോലും വരുത്താന്‍ തയ്യാറായുമില്ല.ഫലമോ? ഓഹരി സൂചികകള്‍ 25 മാസത്തെ ഏറ്റവും കുറഞ്ഞ ലെവലില്‍ എത്തി. ഓഹരി സൂചികകള്‍ 2008 ലെ ലെവലിലേക്ക് താഴുമോ? സാധ്യതാ കുറവാണ്, പക്ഷെ ഭരണം കൈവശമുള്ളവര്‍ അതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് വേണം കരുതാം.വിദേശ നിക്ഷേപര്‍ വലിയ വില്‍പ്പനക്കാരാകാന്‍ മാത്രം വലിയ നിക്ഷേപങ്ങള്‍ അടുത്തൊന്നും നടത്തിയിട്ടില്ല. 2008 ല്‍ ചെറിയ നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തോട്‌ വിട പറഞ്ഞതാണ് അവരില്‍ ചെറിയ ഒരു വിഭാഗം മാത്രമേ ഇന്ന് മാര്‍ക്കറ്റില്‍ അവശേഷിക്കുന്നുള്ളൂ.അത് കൊണ്ട് വലിയ ഒരു വില്‍പ്പന സമ്മര്‍ദ്ദം ആ വിഭാഗത്തില്‍ നിന്നും ഇനി ഉണ്ടാകാന്‍ ഇടയില്ല. മാര്‍ക്കെറ്റ് മുന്നോട്ടു പോകണമെങ്കില്‍ (ഇടയ്ക്കിടെ ഉണ്ടായേക്കാവുന്ന ടെക്നിക്കല്‍ പുള്‍ ബാക്ക് ഒഴികെ ) സര്‍ക്കാര്‍ പോളിസി രംഗത്ത്‌ ശക്തമായ നടപടികള്‍ക്ക് തയ്യാറാകണം. ഇന്ത്യയില്‍ ഭരണം നടക്കുന്നുണ്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കണം.ഇപ്പോള്‍ തന്നെ എന്താണ് നടക്കുന്നത്? അന്നാ ഹസാരെ എന്ന വ്യക്തിയെ താങ്കളുടെ നേട്ടങ്ങള്‍ക്ക്‌ എങ്ങിനെ ഉപയോഗിക്കാം എന്നാണ് കൂടെ നില്‍ക്കുന്നവരും പ്രതി പക്ഷവും ആലോചിക്കുന്നത്. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ കൂടി ലോക്പാല്‍ പരിധിയില്‍ കൊണ്ട് വരുന്നതും, ന്യായാധിപരും, സി ബി ഐ യും പ്രധാനമന്ത്രിയും അടക്കം സര്‍വ്വവും കാല്‍കീഴില്‍ വരുന്നതോടെ ലോക്പല്‍ ഒരു പക്ഷെ ഭസ്മാസുരന്റെ രൂപം കൈക്കൊള്ളാന്‍ സാധ്യതാ ഉണ്ടെന്നു അറിയാത്തവര്‍ അല്ല ഇന്ത്യയിലെ പ്രതി പക്ഷം.ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനു മുകളില്‍ ചിലരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സൂപ്പര്‍ ഭരണകൂടം ആയിക്കൂടെന്നില്ല ഈ സര്‍വ്വ ശകതനായ ലോക് പാല്‍. എന്നാല്‍ അന്നാ പറയുന്നതൊക്കെ(അതോ പറയിപ്പിക്കുന്നതോ) ശരിയാണെന്നും ഇതൊക്കെ നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് അവര്‍ അഴിമതിക്കാര്‍ ആയതു കൊണ്ടാണെന്ന് ജനങ്ങളോട് പറഞ്ഞാല്‍ രാഷ്ട്രീയ ലാഭം നേടാമെന്ന് പ്രതിപക്ഷം കരുതുന്നു. എങ്കില്‍ പിന്നെ അത് തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കാന്‍ ഇന്ന് മന്ത്രി സഭക്ക് കഴിഞ്ഞാല്‍ അത് ഭാവിയില്‍ എല്ലാവര്ക്കും ദോഷം ചെയ്യുമെങ്കിലും തല്ക്കാല നേട്ടം ഭരിക്കുന്നവര്‍ക്കുണ്ടാകും. ഈ മാസാവസാനം നടക്കാനിരിക്കുന്ന മെഗാ ലൈവ് അന്നാ സമരം ഉണ്ടാകില്ല. എങ്കില്‍ ശ്വാസം വിടാനും കുറച്ചെങ്കിലും ഭരണം നടത്താനും കഴിയും. എന്നാല്‍ ഇതില്‍ സര്‍ക്കാരിനു താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ അവസ്ഥ നോക്കൂ. രോഗബാധിത ആയ ശേഷം യുപിഎ ചെയര്‍പെര്സന്‍ പൂര്‍ണ്ണ നിശബ്ദ ആയിരിക്കുന്നു. പ്രശ്നങ്ങള്‍ കഴിയുന്നത്ര മോശമാക്കി പരിഹാരം തേടുക എന്ന പ്രധാന മന്ത്രിയുടെ നയത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ നയവും ഇപ്പോള്‍ നടത്തിയിരിക്കുന്ന കൂടംകുളം പ്രസ്ഥാവനയും.കൂടംകുളത്തെ ജനങളുടെ ആശങ്ക അകറ്റി മുന്നോട്ടു പോകേണ്ട പ്രധാന മന്ത്രി പദ്ധതിയുടെ ഉദ്ഘാടന സമയം റഷ്യ യില്‍ പോയി പ്രഖ്യാപിക്കുന്നത് ആ പദ്ധതി വൈകിപ്പിക്കാനെ സഹായിക്കൂ എന്ന് തോന്നുന്നു.അതെ നയം തന്നെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും. തനിക്കു ചുറ്റും ഉരുണ്ടു കൂടുന്ന അഴിമതിയുടെ വലിയ ആരോപണങ്ങളെ നേരിടാന്‍ ചിദംബരം കണ്ടു പിടിച്ചത് മലയാളിയെ പ്രകോപിച്ച്‌ പ്രാദേശിക പിന്തുണ ആര്‍ജജിക്കുക എന്ന അന്തസ്സില്ല്ലാത്ത വഴിയാണ്. ധന മന്ത്രിയോ ? കേന്ദ്ര മന്ത്രി സഭ എടുത്ത റീടെയില്‍ എഫ് ഡിഐ അനുവദിച്ച തീരുമാനം പിന്‍വലിച്ച തീരുമാനം അറിയിക്കാന്‍ ചുമതലപ്പെടുത്തിയത് കേന്ദ്ര മന്ത്രി അല്ലാത്ത പ്രാദേശിക പാര്‍ട്ടി നേതാവിനെ. ഈ ഒളിച്ചു കളി എന്നെങ്കിലും അവസാനിക്കുമോ? വാങ്ങിയ ഓഹരികള്‍ക്ക് വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങി ആവറേജ് ചെയ്യുന്ന രീതി സാധാരണ സമയങ്ങളില്‍ ഗുണം ചെയ്തേക്കാം. എന്നാല്‍ ഇങ്ങിനെ ബോട്ടം എവിടെ ആണെന്ന് ഒരു പിടിയും ഇല്ലാത്ത ഒരു വിപണിയില്‍ അത് ദോഷം ചെയ്തേക്കാം.ഇത് നിക്ഷേപകനെ ഭീതിപ്പെടുത്തുന്ന മാര്‍ക്കറ്റ് ആണ്. ആദ്യം കുറച്ചു പേരെ മാത്രം ബാധിച്ചിരുന്ന ഭീതി ദിവസം കഴിയും തോറും കൂടുതല്‍ പേരിലേക്ക് പടരുന്നു. ഇങ്ങിനെ ഒരു ടോട്ടല്‍ പാനിക് ഉണ്ടാകുന്നതു വരെ കൂടുതല്‍ ആവരേജിംഗ് നടത്തി കാത്തിരിക്കുന്നവരോ നേരത്തെ ഭീതി ബാധിച്ചു മാറി നില്‍ക്കുന്നവരോ ആരായിരിക്കും അന്തിമ വിശകലനത്തില്‍ നേട്ടം ഉണ്ടാക്കുക? എല്ലാ ഓഹരികളും വിറ്റു ഒരു നിക്ഷേപകന് മാറി നില്ക്കാന്‍ കഴിയില്ല.എന്നാല്‍ തനിക്കു വ്യക്തമായ അറിവുള്ള കമ്പനികളിലേക്ക് നിക്ഷേപം ചുരുക്കണം.മിഡ് കേപ് ഓഹരികള്‍ നല്ല അന്തരീക്ഷത്തില്‍ മികച്ച നേട്ടം ഉണ്ടാക്കും. എന്നാല്‍ വളര്‍ച്ചക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാകുക,ലാഭം മുഴുവന്‍ പലിശ ഇനത്തില്‍ നഷ്ടം ആകുക ,ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലതാകുക, ആവശ്യക്കാര്‍ ഇല്ലാതാകുക പോലുള്ള അവസരം ഉണ്ടാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വലിയ കമ്പനികള്‍ക്ക് കഴിയും. എന്നാല്‍ ചെറിയ കമ്പനികള്‍ പലതും ഇത്തരം അവസ്ഥയെ അതിജീവിക്കില്ല. അത് കൊണ്ട് വിപരീത സാഹചര്യങ്ങളില്‍ വ്യക്തമായി ധാരണകള്‍ ഉള്ള ചെറിയ കമ്പനികളില്‍ മാത്രം നിക്ഷേപിച്ചു കൂടുതല്‍ നിക്ഷേപങ്ങള്‍ ഒരേ സമയം വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന (ഉദാഹരാണം: ITC) ബ്ലൂ ചിപ്പ് ഓഹരികളിലേക്ക് മാറ്റുക .സ്റ്റോപ്പ്‌ ലോസ് നിര്‍ബന്ധമായും പാലിക്കുക. ഇതൊക്കെയേ ഇപ്പോള്‍ നമുക്ക് ചെയ്യാനാകൂ...

4 comments:

കാഴ്ചകളിലൂടെ said...

പ്രിയ ശശി
താങ്കളുടെ അഭിപ്രായത്തില്‍ എത്ര നാളേക്ക് ഈ അവസ്ഥ തുടരാന്‍ സാധ്യത ഉണ്ട് ? ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമാണോ ? എനിക്ക് GMR INFRASTRUCTURE ( വാങ്ങിയത് 57 ), MANALI PETRO (വാങ്ങിയത് 15 , YES BANK (വാങ്ങിയത് 287 ), VARDHAMAAN TEX ( VTL (വാങ്ങിയത് 317 )) മുതലായവയില്‍ നിക്ഷേപം ഉണ്ട്. ഇപ്പോള്‍ നഷ്ടത്തില്‍ ആണ് . എങ്കിലും കാത്തിരിക്കാന്‍ ഉദ്ദേശിക്കുന്നു. എന്താണ് തന്കളുടെക് അഭിപ്രായം.

സജീവ്‌

sasi said...

vardhman Text.(170) മികച്ച കമ്പനി ആണ്. ടെക്സ്ട്ടെയില്‍ സെക്ടറില്‍ ഒരു ഉണര്‍വ് ഉണ്ടായാല്‍ ഈ രംഗത്തെ മറ്റു ഓഹരികളെക്കാള്‍ നേട്ടം ഉണ്ടാക്കാന്‍ ഈ കമ്പനിക്ക്‌ കഴിയും.
യെസ് ബാങ്ക് (248) നല്ല പോര്‍ട്ട്‌ഫോളിയോ ചോയ്സ് ആണ്. ഞാന്‍ എന്നും കൈ വശം വക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കിംഗ് സ്റ്റോക്ക്‌ .ഇന്നത്തെ അവസ്ഥയില്‍ കടം തിരിച്ചടക്കാന്‍ കഴിയാത്ത കമ്പനികളുടെ നീണ്ട ലിസ്റ്റ് ഈ ബാങ്കിന്റെയും NPA കൂടിയേക്കാം എന്ന ആശങ്ക ആകാം ഇന്നത്തെ താഴ്ന്ന വിലക്ക് കാരണം.പലിശ നിരക്കുകള്‍ കുറയുകയും സര്‍ക്കാര്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്‌താല്‍ ഓഹരി നല്ല നേട്ടമുണ്ടാക്കാന്‍ ഇടയുണ്ട്.
പ്രശ്നങ്ങള്‍ ഒഴിയാത്ത കമ്പനി ആണ് GMR ഇന്‍ഫ്ര(19). ഞാന്‍ ഈ ഓഹരി ഉപേക്ഷിച്ചു കിട്ടുന്ന പൈസക്ക് L&T (999)ഓഹരി വാങ്ങാന്‍ ആണ് ഇഷ്ട്ടപ്പെടുക.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം L&T ഇന്ന് മൂന്നക്ക സംഖ്യയില്‍ ലഭ്യമാണ്.
മനാലി പെട്രോ ഞാന്‍ ട്രാക്ക് ചെയ്യാത്ത ഓഹരി ആണ്.

Anonymous said...

Good Blog
----------------------
Some of the stocks I am tracking

1) MARICO
2) HEXAWARE
3) NELCAST
4) 0NGC
5) MUTHOOT
6) HCLINFO
7) VIJAYA BANK
8) UCO BANK
9) HDFC BANK
10) V-GUARD

sasi said...

രതീക്ഷിച്ചതുപോലെ മണപ്പുറം ഇന്ന് മോശമായാണ് തുടങ്ങിയത്. ഇന്നലെ 45.15 ഇല്‍ ക്ലോസ് ചെയ്ത ഓഹരി ഇന്ന് തുടങ്ങിയത് മോശമായാണ്. എന്നാല്‍ ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില ഇന്നലയെ അപേക്ഷിച്ച് ഉയര്‍ന്നത് ഏകദേശം 10%(49.35). ട്രേഡിങ്ങിനു ലഭിച്ച ഈ അവസരം ചില നിക്ഷേപകര്‍ എങ്കിലും മുതലാക്കിക്കാണും എന്ന് പ്രതീക്ഷിക്കുന്നു