Thursday, August 18, 2011

ലോക് പാല്‍ വിവാദം ആര്‍ക്കു വേണ്ടി?

ലോക് പാല്‍ ബില്‍ നിയമമാകേണ്ടത് നാടിന്റെ ആവശ്യമാണ്.കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തില്‍ ഏറെയായി ഇത്തരം ഒരു ബില്‍ ലോക് സഭ അംഗീകരിച്ചിട്ട്‌ .പക്ഷെ ഒരിക്കലും നടപ്പിലായില്ല,നടപ്പിലാകരുതെന്നു ബന്ധപ്പെട്ടവര്‍ ആഗ്രഹിച്ചത്‌ കൊണ്ട് തന്നെ. ഇത്തവണ അത് നടപ്പിലാകുമെങ്കില്‍ അതിനു നാട് നന്ദി പറയേണ്ടി വരിക അന്നാ ഹസാരെയോടാണ്.പക്ഷെ എന്തും വിവാദം ആക്കുക. അത് ആളിപടര്‍ത്തി നാടിനെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതാക്കുക.ഇതൊക്കെ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു.സര്‍ക്കാരിനു അതിനു കഴിഞ്ഞില്ല, ഹസാരെക്കും കഴിഞ്ഞില്ല. എന്താണ് ഇവിടെ ഇപ്പോള്‍ ഇത്ര വലിയ ഇഷ്യൂ. അറബ് രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഭരണകൂട ഭീകരതയ്ക്ക് എതിരായ ഒരു സമരത്തില്‍ ആണോ നാം ഇന്ന്? പരിധി വിട്ടു പോകുന്ന വികാരപ്രകടനങ്ങള്‍ നമ്മുടെ രാജ്യത്തിന്‌ എത്ര ദോഷം ചെയ്യും എന്ന് ആരാണ് ചിന്തിക്കുന്നത്? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ (പ്രത്യേകിച്ച് ഫേസ് ബുക്ക്‌ )വഴി വരുന്ന സമരാഹ്വാനങ്ങള്‍ വസ്തുതകള്‍ വിലയിരുത്താതെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കയും ചെയ്താല്‍ ഞാന്‍ രാജ്യസ്നേഹി, അല്ലെങ്കില്‍ രാജ്യദ്രോഹി.അങ്ങിനെ ഒരു രാജ്യസ്നേഹി ആകുന്നതില്‍ എനിക്ക് താല്പര്യമില്ല. നാളെ അന്നാ ഹസാരെ തുടങ്ങാന്‍ പോകുന്ന സമരത്തിന്‌ മുന്നോടിയായി സര്‍ക്കാര്‍ കാണിച്ചതെല്ലാം അബദ്ധങ്ങള്‍ ആയിരുന്നു.സര്‍ക്കാര്‍ ഹസാരെയെയും കൂട്ടരെയും ഭയക്കുന്നു എന്ന തോന്നല്‍ അത് ശക്തമാക്കി.ശരിയായ തീരുമാനങ്ങള്‍ വേണ്ട സമയത്ത് എടുക്കാന്‍ പ്രാപ്തിയില്ലാത്ത ഇന്നത്തെ ഗവന്മേന്റ്റ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം.അവരുടെ വാദങ്ങള്‍ ശരിയായി അവതരിപ്പിക്കാന്‍ പോലും അവര്‍ക്കാകുന്നില്ല. ലോക് പാല്‍ ബില്‍ അവതരിപ്പിക്കാനും പാസ് ആക്കാനും സര്‍ക്കാര്‍ തയ്യാര്‍ ആണ്. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാവുന്നതെ ഉണ്ടായുള്ളൂ. സര്‍ക്കാര്‍ ഭാഗത്തുള്ളവരുടെ അഹംഭാവവും ഹസാരെ സംഘത്തിന്റെ പിടിവാശിയും ഇതില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉള്ള പ്രതിപക്ഷ ശ്രമവും എല്ലാം ചേര്‍ന്നപ്പോള്‍ ഇന്ത്യ ഒരു പ്രതിസന്ധിയുടെ മുന്നില്‍ ആയി. സര്‍ക്കാര്‍ ലോക് പാല്‍ ബില്‍ ഹസാരെയും കൂട്ടരും കത്തിക്കുന്നത് കണ്ടു. അത്രയ്ക്ക് മോശം ആണോ സര്‍ക്കാര്‍ ഡ്രാഫ്റ്റ്‌ ചെയ്ത ബില്‍? ചെറുതായി താരതമ്യം ചെയ്തു നോക്കാം. G(സര്‍ക്കാര്‍): ലോക് പാലില്‍ 9 മെമ്പര്‍മാര്‍ ഉണ്ടാകും. H (ഹസാരെ) : ലോക് പാലില്‍ 10 മെമ്പര്‍മാര്‍ ഉണ്ടാകും.ഒരു ചെയര്‍ പേര്സനും. G : ചെയര്‍ പെര്‍സന്‍ ഒരു മുന്‍ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ്‌ അല്ലെങ്കില്‍ ഒരു സുപ്രീം കോടതി ജഡ്ജി. H: അഭിപ്രായം പറഞ്ഞിട്ടില്ല. ലോക് പാല്‍ മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിലെ അംഗങ്ങള്‍. G: പ്രധാനമന്ത്രി.ലോകസഭ സ്പീക്കര്‍.ലോകസഭ പ്രതിപക്ഷ നേതാവ്. രാജ്യസഭ പ്രതിപക്ഷ നേതാവ്.ഒരു ജഡ്ജി.ഒരു നിയമ വിദഗ്ദന്‍ .ഒരു കേന്ദ്ര മന്ത്രി. ഒരു പൊതു പ്രവര്‍ത്തകന്‍. H: പ്രധാന മന്ത്രി.ലോകസഭ പ്രതിപക്ഷ നേതാവ്. സുപ്രീം കോര്‍ട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു ജഡ്ജിമാര്‍.ഹൈകോടതികളിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു ചീഫ് ജസ്റ്റിസ്‌. CAG, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍. ആരൊക്കെ ലോക് പാല്‍ അന്വേഷണപരിധിയില്‍ വരും?. G: പ്രധാനമന്ത്രി (സ്ഥാനമൊഴിഞ്ഞ ശേഷം ), മന്ത്രിമാര്‍, MP ,സീനിയര്‍ ഉദ്യോഗസ്ഥര്‍,ട്രസ്റ്റുകള്‍. ജുഡിഷ്യറി ലോക് പാല്‍ പരിധിയില്‍ വരില്ല.ജുഡിഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക Judicial standards and accountability ബില്‍ കൊണ്ട് വരും. H: നിലവിലെ പ്രധാന മന്ത്രിയും,ജുഡിഷ്യറിയും കൂടി ലോക് പാല്‍ പരിധിയില്‍ വരും. അന്വേഷണം, ശിക്ഷ. G: ലോക് പാലിന് സ്വന്തമായുള്ള അന്വേഷണ ഏജന്‍സി പരാതി കിട്ടിയാല്‍ 3 മാസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം.ആരോപിതന്റെ വിശദീകരണം കൂടി കേട്ട ശേഷം അന്വേഷണം തുടരേണ്ടതുണ്ടോ എന്ന് ലോക് പാല്‍ തീരുമാനിക്കും.പരാതി ലഭിച്ച ദിവസം മുതല്‍ ഒരു വര്‍ഷത്തിനകം (സാദ്ധ്യമെങ്കില്‍ 6 മാസത്തിനകം ) എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കണം.തുടര്‍ന്ന് പ്രത്യേക കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയും ആരോപിതനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുകയും വേണം.കോടതി നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം. H: ലോക് പാല്‍ അന്വേഷണത്തിന് പരമാവധി ഒരു വര്‍ഷം.വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പരമാവധി ഒരു വര്‍ഷം. G: സര്‍ക്കാര്‍ ഏജന്‍സികള്‍ ലോക് പാല്‍ ആവശ്യപ്പെടുന്ന ഏതു രേഖയും നല്‍കണം.ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തണം എങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. H: ആരുടെ ഫോണ്‍ ചോര്‍ത്താനും ലോക് പാലിന് അവകാശം ഉണ്ടാകും. G: അടിസ്ഥാനമില്ലാത്ത പരാതികള്‍ നല്‍കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും. H: പിഴ അടച്ചാല്‍ മതി, ആരോപണം കെട്ടി ചമച്ചത് ആണെന്ന് തെളിഞ്ഞാലും. G: 1988 ലെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോപണങ്ങള്‍ മാത്രം ലോക് പാല്‍ അന്വേഷിക്കും. H: റേഷന്‍ കാര്‍ഡ്‌ നല്കാന്‍ വൈകിയാല്‍ പോലും അഴിമതി ആയി കണക്കാക്കി ലോക് പാലിന് അന്വേഷിക്കാം . G: അന്വേഷണം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥനെ നീക്കണമെങ്കില്‍ ലോക് പാല്‍ ഗവന്മേന്റിനോട് ആവശ്യപ്പെടണം. H: ഉദ്യോഗസ്ഥനെ നേരിട്ട് പുറത്താക്കാന്‍ ലോക് പാലിന് അധികാരം ഉണ്ടാകും. ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യാം. G:ലോക് പാലിന് വേണ്ടി പ്രത്യേക കോടതികള്‍ ആകാം. H: ഹൈ കോര്‍ട്ട് ഫാസ്റ്റ് ട്രാക്ക് ബെഞ്ചുകള്‍ മതിയാകും. G: ആരോപണം ഉന്നയിക്കുന്നവന്റെ സുരക്ഷ - ഒന്നും പറയുന്നില്ല. H: സുരക്ഷ ഉറപ്പാക്കണം. G: ലോക് പാല്‍ കേന്ദ്ര ഗവന്മേന്റ്റ് കാര്യങ്ങള്‍ക് മാത്രം.സ്റ്റേറ്റ് ഗവര്‍മെന്റ് തല അഴിമതിക്ക് ലോക് യുക്ത. H: സ്റ്റേറ്റ് ലെവലിലും ലോക് പാലുകള്‍. ലോക് ആയുക്തയെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു ലക്‌ഷ്യം ഉദ്ദേശിച്ചുള്ള ബില്ലിനെക്കുറിച്ച് രണ്ടു വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ സ്വാഭാവികം. ഹസാരെ സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ ആണ് കൂടുതല്‍ ജനകീയം.എന്നാല്‍ സര്‍ക്കാര്‍ ഡ്രാഫ്റ്റ്‌ ചവറ്റു കുട്ടക്ക് യോഗ്യം എന്ന് പറയാന്‍ ഒക്കില്ല. തുറന്ന മനസ്സോടെ ഇരു പക്ഷവും ഒരിക്കല്‍ കൂടി ചര്‍ച്ചക്ക് തയ്യാര്‍ ആയാല്‍ സമവായം ഉണ്ടാക്കാന്‍ പ്രയാസം ഉണ്ടാകില്ല.ഇരു പക്ഷവും പ്രതിപഷ പാര്‍ട്ടികളും പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമിക്കണം. എന്നാല്‍ ഇതൊരു മത്സരവും തങ്ങളുടെ വിജയം ആണ് പ്രധാനം എന്ന രീതിയില്‍ ആണ് എല്ലാവരും പെരുമാറുന്നത്. തോല്‍ക്കുന്നത് ഭാരതവും, ഭാരതീയരും..അതാരും കര്യമാക്കുന്നുമില്ല. ...

2 comments:

R SAJU thottappally said...

വളരെ ശരിയാണ് തോല്‍ക്കുന്നത് ഭര്‍ത്താവും ഭാരതീയരും ആണ് ഈ സമയത്താണ് നല്ല നിയമ നിര്‍മാണങ്ങള്‍ നടത്തി വിദേശ ശ്രദ്ധ പിടിച്ചുവങ്ങേണ്ടത് ...all are keenly watching india with big expectations ..very good valuble artice i have posted in my FB..

anoopmon said...

Thanks for the info..