Saturday, August 6, 2011

AA+

പുതുതായി എന്ത് സംഭവിച്ചാലും അത് വാര്‍ത്തയാകും.കഴിഞ്ഞ 70 വര്‍ഷത്തില്‍ അമേരിക്കക്ക് സംഭവിക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചത്.പൂച്ചക്ക് മണി കെട്ടാന്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ്‌ പുവര്‍ (S&P) ധൈര്യം കാണിച്ചു. മറ്റു റേറ്റിംഗ് ഏജന്‍സികള്‍ ആയ മൂഡീസും ഫിച്ചും ഇപ്പോഴും മടിച്ചു നില്‍ക്കുകയാണ്.S&P കണക്കില്‍ 2 ബില്ല്യന്‍ ഡോളറിന്റെ തെറ്റ് വരുത്തിയെന്നും അത് കൊണ്ട് ഈ തരാം താഴ്ത്തല്‍ ന്യായീകരിക്കാന്‍ പറ്റില്ലെന്നും പ്രസിഡന്റ്‌ ഒബാമ പറയുന്നു.എങ്കിലും S&P പുറകോട്ടു പോകാന്‍ തയ്യാറായിട്ടില്ല. ചിലവുകള്‍ കുറച്ചും റെവന്യു വരുമാനം വര്‍ദ്ധിപ്പിച്ചും അടുത്ത പത്തു വര്‍ഷത്തിനകം ബജറ്റ് കമ്മി 4 ബില്യന്‍ ഡോളര്‍ കണ്ടു കുറയ്ക്കുക എന്ന നിര്‍ദ്ദേശം കണക്കിലെടുത്ത് അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായില്ല എന്നാണ് S&P പറയുന്നത്. കടത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചു തിരഞ്ഞെടുപ്പ് വരെ തല്‍ക്കാലം പിടിച്ചു നില്‍ക്കുക എന്ന ഒബാമയുടെ മോഹത്തിന് ഇത് വലിയ തിരിച്ചടിയാകും.ഈ തരാം താഴ്ത്തല്‍ ഒരു സ്ഥിരം ഏര്‍പ്പാടല്ല.സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമായാല്‍ റേറ്റിംഗ് ഉയരാവുന്നതെയുള്ളൂ. പ്രശ്നം അതല്ല. ഇനി എളുപ്പ വഴികള്‍ ഇല്ല.ശക്തമായ നടപടികള്‍ ഉണ്ടായേ തീരൂ. ചെലവ് കുറക്കല്‍ ,ടാക്സ് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ജനകീയമല്ലാത്ത നടപടികള്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സമയത്ത് തന്നെ തുടങ്ങേണ്ടി വരും. അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ റിസ്ക്‌ ഫ്രീ അല്ലാതാകുന്നതോടെ സ്വമേധയാ എത്തിയിരുന്ന നിക്ഷേപങ്ങള്‍ അങ്ങിനെ അല്ലാതാകും.നിക്ഷേപങ്ങളെ ആകര്ഷിക്കേണ്ടി വരും,ചെലവ് ഏറും.1945 ല്‍ അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങളില്‍ 99% അമേരിക്കക്കാരുടെ ആയിരുന്നെങ്കില്‍ ഇന്ന് അത് വെറും 54% ആയി കുറഞ്ഞിരിക്കുന്നു.അതായതു വിദേശ നിക്ഷേപകരുടെ മനംമാറ്റം അപകടകരമാകും.ഇന്ന് അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ക്ക് പകരം വക്കാന്‍ വേറെ ഒന്നില്ലാത്തത് അമേരിക്കക്ക് ആശ്വാസമാകും. എന്നാല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആദായകരവും സുരക്ഷിതവും ആണ് എന്ന വിശ്വാസം കൂടുതല്‍ ശക്തമാകാനും സ്വര്‍ണ്ണ വില ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കാനും അത് കാരണമായേക്കാം. S&P യുടെ ഈ താഴ്ന്ന റേറ്റിംഗ് ഓഹരി വിപണി എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.ഈ റേറ്റിംഗ് ഡൌണ്‍ ഗ്രേഡ് ഉണ്ടായത് അമരിക്കന്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റ് അടച്ച ശേഷം ആണെന്നും അത് കൊണ്ട് തിങ്കളാഴ്ച ഏഷ്യയില്‍ വിപണികള്‍ തുറക്കുമ്പോള്‍ ആദ്യ പ്രതികരണം ഉണ്ടാകും ,അത് ദയനീയമായിരിക്കും എന്ന് പറഞ്ഞാല്‍ ശരിയാകില്ല. ഈ വാര്‍ത്ത‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. അമേരിക്കന്‍ എക്കോണമിയെ നാം ഒക്കെ മനസ്സ് കൊണ്ട് ഡൌണ്‍ ഗ്രേഡ് ചെയ്തിട്ട് കാലമെത്രയായി? പ്രതീക്ഷിക്കുന്ന വാര്‍ത്ത‍ പോലെ അല്ലല്ലോ സംഭവിച്ചു കഴിഞ്ഞത്? ശരിയാണ്. എന്നാല്‍ ഈ വാര്‍ത്ത‍ ഇന്നലെ ഉച്ചയ്ക്ക് തന്നെ ലീക്ക് ആയിരുന്നു.S&P പ്രതിനിധികള്‍ ട്രഷറി ഉദ്യോഗസ്ഥരെ ഇന്നലെ ഉച്ചക്ക് ഈ വിവരം അറിയിച്ചിരുന്നു.ഈ വാര്‍ത്ത‍ പരന്ന ഉടനെ സൂചികകള്‍ താഴെ പോകുകയും ചെയ്തു. ട്രഷറി ഉദ്യോഗസ്ഥര്‍ 2 ബില്ല്യന്റെ തെറ്റ് ചൂണ്ടി കാട്ടിയത് കൊണ്ടാണ് പ്രഖ്യാപനം 8 മണി വരെ വൈകിയത്. ഈ വാര്‍ത്തയോട് തിങ്കളാഴ്ച വിപണികള്‍ എങ്ങിനെ പ്രതികരിക്കും എന്ന് ആര്‍ക്കും അറിയില്ല. ഈ അവസ്ഥയില്‍ വലിയ ധീരത കാട്ടുന്നത് ബുദ്ധിയാകില്ല. എന്നാല്‍ പ്രതികരണം പരിധി കടക്കുന്നു എന്ന് തോന്നിയാല്‍ Warren Buffett പറഞ്ഞത് മറക്കയുമരുത്. Be fearful when others are greedy, and be greedy when others are fearful....

0 comments: