Friday, April 5, 2013

ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ

 നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ്‌  ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ്  ചെയ്യൂ.  https://portal.uidai.gov.in/ResidentPortal/getstatusLink
നിങ്ങളുടെ എൻറോൾ ചെയ്തപ്പോൾ ലഭിച്ച രശീതിയിൽ ഉള്ള നമ്പർ ,രജിസ്റ്റർ ചെയ്ത സമയം (അതും രശീതിയിൽ ഉണ്ടാകും). ഇത്രയും ഉണ്ടെങ്കിൽ നിങ്ങൾ ക്ക്  ആ സൈറ്റ് വഴി നിങ്ങളുടെ അധാര് നമ്പർ SMS ആയി ലഭിക്കും. കാർഡ്‌  ഡൌണ്‍ ലോഡ്  ചെയ്യാനുമാകും 

പേര് പറഞ്ഞു നാററിക്കാൻ നട്ടെല്ലോടെ ബാങ്കുകൾ ...

കുറെ കാലമായി പറഞ്ഞു കേൾക്കുന്നു. തിരിച്ചടക്കാൻ കഴിവുണ്ടായിട്ടും ലോണ്‍ തിരിച്ചടക്കാത്ത വ്യക്തികളുടെ പേരുകൾ പരസ്യപ്പെടുത്തി  നാണം കെടുത്താൻ പൊതു മേഖലാ ബാങ്കുകൾ തയ്യാറെടുക്കുന്നു എന്ന് . ആർ  ബി ഐ  തീരുമാനവും നിർദ്ദേശവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നെങ്കിലും ബാങ്കുകൾ ഇക്കാര്യത്തിൽ താൽപര്യം കാണിച്ചിരുന്നില്ല .
സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇൻഡ്യ  ഇപ്പോൾ ലോണ്‍ തിരിച്ചടക്കാൻ കഴിവുണ്ടായിട്ടും അടക്കാത്ത ചിലരുടെ പേരും മേൽവിലാസവും പ്രസിദ്ധപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇതും ഫലം കണ്ടില്ലെങ്കിൽ ഇവര്ക്ക് വേണ്ടി  ജാമ്യം നിന്നവരുടെ ചിത്രങ്ങളും വരും പത്രങ്ങളിൽ .ചില ബാങ്കുകൾ കഴിവുണ്ടായിട്ടും ലോണ്‍ തിരിച്ചു അടക്കാതവരുടെ വിവരങ്ങളും പടവും അവർ ലോണ്‍ എടുത്ത ലോക്കൽ ബ്രാഞ്ചുകളുടെ നോട്ടീസ് ബോർഡിലും ഇടാൻ പോകുന്നു അത്രെ.
ഇത് കേൾക്കുമ്പോൾ തോന്നുന്നു രാഷ്ട്രീയ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും മുതലാക്കി വൻ തുകകൾ  സഹകരണ ബാങ്കുകളിൽ  നിന്ന് ലോണ്‍ എടുക്കുകയും തിരിച്ചടക്കാതെ മാന്യരായി നടക്കുകയും ചെയ്യുന്ന ലോക്കൽ നേതാക്കളുടെ വിവരങ്ങൾ നിർബന്ധമായും പരസ്യപ്പെടുത്തുന്ന നിയമം വന്നിരുന്നെങ്കിൽ എന്ന്..... 

Friday, December 28, 2012

സാധാരണ നിക്ഷേപകനാണു കേമന്‍..

ഭാരതി ഇന്‍ഫ്രാടെല്‍ ഓഹരിയുടെ പബ്ലിക് ഇഷ്യൂ വില്‍ നിക്ഷേപിച്ചാല്‍ കൈ പൊള്ളും എന്ന ധാരണ സാധാരണ നിക്ഷേപകര്‍ക്ക് പൊതുവെ ഉണ്ടായിരുന്നു.അവര്‍ ആ ഇഷ്യൂ  പൂര്‍ണ്ണമായും നിരാകരിക്കുകയായിരുന്നു .അവര്‍ക്ക് വേണ്ടി നീക്കി വച്ച 6.6 കോടി ഓഹരികളില്‍ അഞ്ചില്‍ ഒന്നിന് മാത്രമേ അപേക്ഷകര്‍ ഉണ്ടായുള്ളൂ. അത്രയും ഓഹരികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ചെയ്തിരുന്നതിനു ലഭിച്ചത് ഏതാണ്ട് മൂന്നിരട്ടി അപേക്ഷകള്‍.അവരുടെ അപേക്ഷകള്‍ കൊണ്ട് മാത്രം ആണ് ആ ഇഷ്യൂ നടന്നത്.സാധാരണ നിക്ഷേപകരെക്കള്‍ വിവരമുള്ളവര്‍ എന്ന് വീമ്പു പറയുന്ന സ്ഥാപനങ്ങള്‍ ഈ ഇഷ്യൂവിനു   അര്‍ഹിക്കുന്ന അവഗണന നല്‍കാതിരുന്നത് എന്ത് കൊണ്ടാണ്? 220 രൂപക്ക്  നടന്ന ഇഷ്യൂ  ലിസ്റ്റ്  ദിവസം  ക്ലോസ്  ചെയ്തത് 191രൂപയില്‍. ഇങ്ങിനെ ഒരു ലിസ്റ്റിങ്ങ് ഉണ്ടാകും എന്ന് ഭൂരിഭാഗം ചെറുകിട നിക്ഷേപകരും നേരത്തെ  മനസ്സിലാക്കി മാറി നിന്നപ്പോള്‍ ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ പണം മുടക്കി  ഈ ഇഷ്യൂ  രക്ഷപ്പെടുത്തിയത്  ആര്‍ക്കു വേണ്ടി,എന്തിനു വേണ്ടി? 150 രൂപയില്‍ കൂടുതല്‍ അര്‍ഹിക്കാത്ത ഓഹരിക്ക് ഇത്രയും വില ആകാം എന്ന് നിര്‍ദ്ദേശിച്ച മര്‍ച്ചന്റ് ബാങ്ക്കള്‍ , ഓഹരിയില്‍ ആവേശ പൂര്‍വ്വം നിക്ഷേപിച്ച സ്ഥാപനങ്ങള്‍, ഈ ഇഷ്യൂ വിനു അഞ്ചില്‍ നാലു മാര്‍ക്ക് നല്‍കിയ റെറ്റിന്‍ഗ് സ്ഥാപനങ്ങള്‍ എല്ലാം ഭാവിയില്‍ നിക്ഷേപക തീരുമാനമെടുക്കുമ്പോള്‍ ചെറുകിട നിക്ഷേപകന്റെ മനസറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും..ഇത്രകാലം അവര്‍ നിങ്ങളെ വിശ്വസിച്ചതല്ലേ ..ഇനി തിരിച്ചാകട്ടെ....

Sunday, December 9, 2012

CARE

ഈ ഓഹരിയുടെ IPO 11 നു അവസാനിക്കുകയാണ്. 750 രൂപ പ്രതി ഓഹരി വില വളരെ ആകര്‍ഷകമാണ്.നിസ്സംശയം നിക്ഷേപിക്കാവുന്ന ഒരു ഓഹരി ഇഷ്യൂ അടുത്ത കാലത്ത് ആദ്യമായാണ്‌.ലിസ്റ്റിംഗ് ദിവസം വിറ്റ് ലാഭം എടുക്കാന്‍ ആയാലും കുറെ കാലത്തേക്കുള്ള നിക്ഷേപം ആയാലും നിക്ഷേപകനു ഏറെ നേട്ടം പ്രതീക്ഷിക്കാം.

Sunday, October 28, 2012

പേരിനോളം വലിപ്പമില്ലെങ്കിലും...


Value Picks 7
മുത്തൂറ്റ് എന്നാല്‍  കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ  സ്ഥാപനം എന്നാണു പൊതു ധാരണ.മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിനാന്‍സ് പോലെ തന്നെ ശക്തമാണ് മുത്തൂറ്റ് പാപ്പച്ചന്‍  ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് .ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1507 കോടി രൂപ വിറ്റു  വരവും 300 കോടി രൂപ അറ്റാദായവും നേടിയ സ്ഥാപനം.മുത്തൂറ്റ് ഫിന്‍കോര്‍പ് .ഫിന്‍കോര്‍പ്പ് എന്ന വന്‍ വൃക്ഷത്തിന്റെ ഒരു ചെറു ശാഖയോളമേ വരൂ നമ്മുടെ നായകന്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഒരു സ്വകാര്യ സ്ഥാപനം ആണ്. 2014 ല്‍ പബ്ലിക്‌ ഇഷ്യൂ  നടത്തി ലിസ്റ്റ് ചെയ്യും എന്നാണ് മാനേജ്‌മന്റ്‌ പറയുന്നത്. അത് സംഭവിച്ചാല്‍ ഇന്ത്യയില്‍ ലിസ്റ്റഡ്  ഗോള്‍ഡ്‌ ലോണ്‍ കമ്പനികള്‍ മൂന്നാകും.അത് വരെ മുത്തൂറ്റ് പാപ്പച്ചന്‍  ഗ്രൂപ്പിന് ഒരു ലിസ്റ്റഡ്  കമ്പനിയെ ഉള്ളു. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് .ഫിന്‍കോര്‍പ്പ്  ലിസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ഈ ചെറു കമ്പനി അതില്‍ ലയിക്കുമോ എന്നൊക്കെ ചിന്തിച്ചു തല പുണ്ണാക്കേണ്ട കാര്യം ഇപ്പോള്‍ ഇല്ല.

മറ്റു മുത്തൂറ്റ് സ്ഥാപനങ്ങളെപ്പോലെ ഗോള്‍ഡ്‌ ലോണ്‍ നല്‍കുന്ന കമ്പനി  അല്ല.മുത്തൂറ്റ് കാപിറ്റല്‍ .
പ്രധാനമായും ശ്രദ്ധ നല്‍കുന്നത് വാഹന ലോണ്‍ ആണ്.പ്രത്യേകിച്ചും ടു വീലര്‍ ,ഫോര്‍ വീലര്‍ ലോണുകള്‍ .നിക്ഷേപത്തിന് ഈ കമ്പനിയെ പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയം ആയി തോന്നിയത് ലാഭ വിഹിതം നല്‍കുന്നതില്‍ കമ്പനി കാണിക്കുന്ന ഉത്സാഹം ആണ്.ലോകം സാമ്പത്തിക മാന്ദ്യത്തില്‍ ആണ്ടു പോയ 2008 ല്‍  ഈ കമ്പനി നല്‍കിയത് 15% ലാഭവിഹിതം ആണ്.അടുത്ത കൊല്ലം  20% ഡിവിഡണ്ട് നല്‍കി. അതിനടുത്ത വര്‍ഷം 25%.ഇപ്പോള്‍ പ്രഖ്യാപിക്കുന്നതിനു  മുന്‍പെ നിക്ഷേപകന് അറിയാം അടുത്ത വര്‍ഷം  ഡിവിഡണ്ട് 40% എങ്കിലും ആയിരിക്കുമെന്ന്.ഈ ഒരു കാരണം മാത്രം മതി നിക്ഷേപത്തിന് ഈ കമ്പനിയെ പരിഗണിക്കാന്‍.2004ല്‍ ലാഭ വിഹിതം നല്‍കി തുടങ്ങിയ ഈ സ്ഥാപനം ഒരു വര്‍ഷം പോലും ചെറിയ വര്‍ദ്ധനയെങ്കിലും ഇല്ലാതെ ഡിവിഡണ്ട് പ്രഖാപിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം 80 രൂപക്ക് അവകാശ  ഓഹരികള്‍ 1:1 അനുപാതത്തില്‍ കമ്പനി നല്‍കിയിരുന്നു.അത് നിക്ഷേപന് നിരാശ നകിയ ഒരു ഇഷ്യൂ ആയിരുന്നു.എന്തായാലും അത് വഴി സ്വരൂപിച്ച തുക കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് കരു ത്ത് നല്‍കാന്‍ പര്യാപ്തമാണ്.പൊതുവേ മാന്ദ്യം ഉണ്ടായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ശരാശരി 50 ശതമാനത്തില്‍ അധികം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഈ കമ്പനിക്ക് കഴിഞ്ഞിരുന്നു.ഇതിനെല്ലാം പുറമേ ആണ് കഴിഞ്ഞ ആഴ്ച മഹീന്ദ്രയുമായി ഉണ്ടാക്കിയ കരാര്‍.ഈ കരാര്‍ വാഹന വായ്പ്പാ രംഗത്ത് കൂടുതല്‍ വേഗത്തില്‍ മുന്നേറാന്‍ കമ്പനിയെ സഹായിക്കും.പന്ത്രണ്ടര കോടി രൂപയോളം മൂലധനം ഉള്ള കമ്പനി ജൂണില്‍ അവസാനിച്ച മൂന്നു മാസങ്ങളില്‍ നേടിയ അറ്റാദായം ഏതാണ്ട് 5 കോടിയോളം രൂപയാണ്.
ഇപ്പോള്‍ 86 രൂപയ്ക്കു ലഭിക്കുന്ന ഈ ഓഹരി ഏതാണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആണ് .ഈ വിലയില്‍ ഒരു ടോക്കണ്‍ എന്‍ട്രി നടത്തി വില കുറയുമ്പോള്‍ കൂടുതല്‍ നിക്ഷേപിക്കാവുന്ന നല്ല ഓഹരി ആണ് മുത്തൂറ്റ് കാപ്പിറ്റല്‍.കമ്പനിയുടെ നാലില്‍ മൂന്നു ഓഹരിയും പ്രൊമോട്ടറുടെ കയ്യില്‍ ആണെന്നതും നല്ല കാര്യം തന്നെ.


Friday, October 26, 2012

ഒരു കോര്‍പൊറേറ്റ് അനീതി

പവര്‍ ജനറേഷന്‍  രംഗത്തെ അതികായര്‍ ആണ് CESC ,കല്‍ക്കത്ത ആസ്ഥാനമാക്കിയ 130 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ഒരു ഗോയങ്കെ ഗ്രൂപ്പ് സ്ഥാപനം.കല്‍ക്കത്തയിലും , ബംഗാളിലെ മറ്റു പ്രദേശങ്ങളിലും സമീപ  സംസ്ഥാനങ്ങളിലും വൈദ്യുതി രംഗത്തെ അവരുടെ ഇത് വരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഈ  രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിക്ഷേപിക്കണം എന്ന് തോന്നുന്ന നിക്ഷേപകന്റെ മനസ്സില്‍ ആദ്യം ഉയരുന്ന പേരുകളില്‍ ഒന്ന് cesc തന്നെ ആയിരിക്കും.
അവര്‍ റീടെയില്‍ രംഗത്ത്‌ പ്രവേശിച്ചപ്പോള്‍ അത് സ്വല്‍പ്പം ഗ്ലാമര്‍ വര്‍ദ്ധിപ്പിക്കും എന്ന് കരുതി നിക്ഷേപകര്‍ അവഗണിച്ചു.എന്നാല്‍ ഇന്നലെ 280 കോടി രൂപ നല്‍കി ഒന്നിനും കൊള്ളാത്ത  ഒരു BPO  കമ്പനിയുടെ(ഫസ്റ്റ് സോര്‍സ് സൊലൂഷന്‍സ് ) പകുതിയോളം ഓഹരികള്‍ സ്വന്തമാക്കിയ നടപടി തികച്ചും അപലപനീയമാണ്. ഇത് എന്തിനു വേണ്ടി എന്ന് വിശദീകരിക്കേണ്ട കടമ കമ്പനിക്കുണ്ട്. ചോദിക്കേണ്ട കടമ സെബിക്കും.മികച്ച ദീര്‍ഘ കാല  നിക്ഷേപം എന്ന് കരുതി ഈ കമ്പനിയില്‍ നിക്ഷേപിച്ച സാധാരണക്കാരന് ചെയ്യാവുന്നത്  ഉറക്കത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത പ്രൊമോട്ടര്‍ മാരുടെ ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഒരിടം ഈ ഗ്രൂപ്പിന് നല്‍കുക.നിക്ഷേപക രോഷം ഒന്നടങ്ങുമ്പോള്‍ നഷ്ട്ടം സഹിച്ചും ഈ നിക്ഷേപത്തില്‍ നിന്നും പിന്‍ മാറുക.മറ്റാരുടെയോ കയ്യില്‍ കുടുങ്ങിപ്പോയ ഒരു ശരാശരിയിലും താഴെയുള്ള കമ്പനിയുടെ ഓഹരികള്‍ കോടികള്‍ മുടക്കി  വാങ്ങി സ്വന്തം കമ്പനിയുടെ സല്‍പ്പേര് കളഞ്ഞു കുളിക്കാന്‍ തയ്യാര്‍ ആയ കമ്പനി ഉടമയുടെ ദുരുദ്ദേശം അന്വേഷിക്കാന്‍ നിയമ വ്യവസ്ഥ തയ്യാര്‍ ആകുമോ?അഥവാ തയ്യാര്‍ ആയാല്‍ തന്നെ അവര്‍ക്കതിനുള്ള അധികാരം ഉണ്ടോ? ആ.. ആര്‍ക്കറിയാം..

Friday, October 5, 2012

അതിവേഗം , എത്ര ദൂരം?

ഇന്ത്യ രണ്ടാം ഉദാരവത്കരണത്തിന്റെ  അതിവേഗ പാതയില്‍ ആണ്. ദിവസേനയെന്നോണം ഉണ്ടാകുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഒരു  സംശയം ഉയര്‍ത്തുന്നു.  സ്റ്റോക്ക്‌ മാര്‍ക്കറ്റ് സൂചികകളെ കഴിയുന്നത്ര മുന്നോട്ടു നയിക്കാന്‍  സര്‍ക്കാര്‍ ബിഗ്‌ ബുള്‍ കളിക്കുകയാണോ? ഈ സംശയത്തെ സാധൂകരിക്കുന്ന ചില സാഹചര്യങ്ങള്‍ നില നില്‍ക്കുന്നു. ഇന്നലത്തെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട കാബിനറ്റ്‌ തീരുമാനങ്ങള്‍ തന്നെ നടപ്പാക്കാന്‍ കഴിയുന്നവയാണോ? പൊതുവേ ഉദാരവത്കരണ നടപടികളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പാര്‍ലമെന്റില്‍ പാസ്‌  ആക്കിയെടുക്കാന്‍ ബുദ്ധിമുട്ടായ കാര്യങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപനങ്ങളുടെ രൂപത്തില്‍ പുറത്തു വിടുന്നതിന്റെ ഉദ്ദേശം എന്താണ് ? കാരണങ്ങള്‍ പലതാകാം. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുക കണ്ടെത്തണമെങ്കില്‍ ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കണം. ഓഹരി വില്‍പ്പനക്ക് അനുകൂലമായ സാഹചര്യം ഒരുക്കകയാകം സര്‍ക്കാര്‍ . പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരുമ്പോള്‍ ബിജെപി യെ അകത്തു കയറ്റാന്‍ നിര്‍ബന്ധിതരാക്കുക (MPമാരുടെ ജോലി പാര്‍ലമെന്റ് ഗേറ്റിന് വെളിയില്‍ അല്ല എന്ന് മന്നസ്സിലാക്കിക്കൊടുക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നല്ല കാര്യം). ചര്‍ച്ചയുടെ അജണ്ട സര്‍ക്കാര്‍ അഴിമതികളില്‍ നിന്ന് സാമ്പത്തിക ഉദാരവത്കരണ നടപടികളിലേക്ക് തിരിക്കുക, ഇതൊക്കെ ആകാം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുജറാത്ത്‌ തിരഞ്ഞെടുപ്പ് വരുന്നു .അവിടത്തെ ജനങ്ങളോട്  കോണ്‍ഗ്രസ്‌  ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ശക്തമായ സാമ്പത്തിക നടപടികളിലൂടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന കോണ്‍ഗ്രസ്‌ വേണോ ജനപ്രിയ നടപടികള്‍ വഴി രാജ്യത്തെ കടക്കെണിയിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേണമോ എന്ന്. ഈ ചോദ്യം പ്രധാന ചര്‍ച്ച ആകുന്നതോടെ അഴിമതി ആരോപണങ്ങളില്‍ ഊന്നിയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കുറയും. ഗുജറാത്ത്‌ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തുടര്‍ന്നുള്ള സര്‍ക്കാര്‍ നയങ്ങളെ കാര്യമായി സ്വാധീനിക്കും.
എല്ലാം ശുഭം എന്ന ധാരണയോടെ മുന്നോട്ടു  പോകാതെ  ശ്രദ്ധാപൂര്‍വ്വമായ ആത്മ ധൈര്യത്തോടെ വേണം വിപണിയില്‍ നിക്ഷേപിക്കുവാന്‍. പോര്‍ട്ഫോലിയോ ശുദ്ധീകരിക്കാന്‍ പറ്റിയ സമയമാണിത്. കുറച്ചു കാലങ്ങള്‍ ആയി നഷ്ട്ടം മാത്രം തരുന്ന ചെറിയ അധികം അറിയപ്പെടാത്ത കമ്പനികളില്‍ നിന്നും അടുത്തറിയാവുന്ന മികച്ച കമ്പനികളിലേക്ക് മാറാന്‍ പറ്റിയ സമയം ആയിരിക്കും വരും മാസങ്ങള്‍ എന്ന് കരുതുന്നു. വന്‍ മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഈ വര്ഷം അവസന്നിക്കുമ്പോള്‍ നിഫ്ടി 6000ത്തിനു മുകളില്‍ ആയിരിക്കുമെന്ന് കരുതുന്നു.ഇന്നത്തെ വിലയില്‍ നിക്ഷേപ യോഗ്യമായ ഒരു ഓഹരി PTC India Financial Services (15.40) ആണെന്ന്‍ കരുതുന്നു..(ഞാന്‍ ഈ കമ്പനിയുടെ 4000 ഓഹരികള്‍ കൈ വശം വച്ചിരിക്കുന്നു.അത് 10000 വരെ ആക്കുന്നതിനുള്ള അവസരം കാത്തിരിക്കുന്നു.അത് കൊണ്ട് തന്ന എന്റെ സമീപനം പക്ഷപാതപരം ആകാം.).

Friday, September 21, 2012

Offence is the best defence

ക്രിക്കറ്റ്‌ കളിയില്‍ വളരെ ശരിയെന്നു തോന്നിയ ഒരു പ്രയോഗമാണ് 'ഒഫന്‍സ്  ഈസ്‌ ദി ബെസ്റ്റ് ഡിഫന്‍സ് ' എന്നത്. പലപ്പോഴും ആക്രമിച്ചു കളിക്കുന്ന ബാററ്സ് മാന്  മുന്നില്‍ ബൌളര്‍മാര്‍ പതറുന്നത് കണ്ടിട്ടുണ്ട്.മനമോഹന്‍ സിങ്ങും സംഘവും കളിച്ചത് ആ കളിയാണ് .തോറ്റാലും  വേണ്ടില്ല ,കളിച്ചു തോല്‍ക്കുക എന്ന ആരും ഇഷ്ടപ്പെടുന്ന ഉശിരന്‍ കളി. ഞാന്‍ ഒന്ന് തുമ്മിയാല്‍ തെറിച്ചു പോകുന്ന സര്‍ക്കാര്‍ ആണ് കേന്ദ്രത്തില്‍ എന്ന് കരുതി  കളത്തിനകത്തും പുറത്തും കളിച്ച ഒരു വനിതയെ ഒന്നുമാല്ലതാക്കിയ കളി. ചില കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേന്ദ്ര നീക്കം.ആരും ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല.ഭരണം പോകുന്നെങ്കില്‍ പോകട്ടെ എന്ന് കരുതി മുന്നോട്ടു നീങ്ങിയാല്‍ പേടിപ്പിച്ചിരുന്നവര്‍ പേടിക്കുന്ന അവസ്ഥ ഉണ്ടാകും എന്നവര്‍ കണക്കു കൂട്ടി.ഭരണ കക്ഷിയില്‍ ഉള്ളവര്‍ വരെ വരെ ഭരത് ബന്ദിന് അനുകൂലികള്‍ ആയപ്പോഴും പ്രബലമായ ഘടക കക്ഷി പിന്തുണ പിന്‍ വലിച്ചപ്പോഴും തരിമ്പും കുലുങ്ങാതെ ഉദാരവല്‍ക്കരണ നടപടികള്‍ ഒന്നിന് പുറകെ ഒന്നൊന്നായി പ്രഖ്യാപിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് കളി മറന്നു പോയ എതിര്‍ പക്ഷത്തെ ആണ്.ഈ ചങ്കൂറ്റം രണ്ടു വര്ഷം മുന്നേ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യ വ്യാവസായിക പുരോഗതിയിലും ആഭ്യന്തര ഉദ്പാദനത്തിലും ഇത്ര പുറകോട്ടു പോകില്ലായിരുന്നു.ബജറ്റ് കമ്മി ഇത്ര മോശമാകില്ലയിരുന്നു'ബെറ്റര്‍  ലേറ്റ്, ദേന്‍ നെവെര്‍' എന്നല്ലേ.ഇനിയുള്ള കാലം ഭയം കൂടാതെ മുന്നോട്ടു പോകാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നു.ഈ അവസരം മുതലെടുത്ത്‌ ധീരമായ തീരുമാനങ്ങള്‍ എടുത്തു മുന്നോട്ടു പോയാല്‍ നാടിനും ഭരിക്കുന്നവര്‍ക്കും നല്ലത്. തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അഴിമതി കാട്ടിയിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം.ആ ശിക്ഷ നല്‍കാനുള്ള അവസരം വോട്ടര്‍ മാരുടെ അവകാശമാണ്. ഒന്നുകില്‍ അതിലുള്ള അവസരം ഒരുക്കുക.അല്ലെങ്കില്‍ ആ അവസരം വരെ ഭരിക്കാന്‍ അനുവദിക്കുക.അല്ലാതെ നിങ്ങള്‍ അഴിമതിക്കാര്‍ ആണ്.അത് കൊണ്ട് അടുത്ത രണ്ടു വര്‍ഷം നിങ്ങള്‍ കസേരയില്‍ ഇരുന്നു കൊള്ളുക ഭരിച്ചു പോകരുത് എന്ന് പറയാന്‍ ശ്രമിക്കുന്നവര്‍ക്കും അത് അനുസരിക്കുന്നവര്‍ക്കും ഉണ്ടാകും ജനകീയ കോടതിയില്‍ ശിക്ഷ.
ഇന്ത്യ പോലൊരു രാജ്യത്തു രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന ഒരു ഭരണകൂടം ഉണ്ടായാല്‍ ഓഹരി വിപണിയും തീര്‍ച്ചയായും അനുകൂലമായി പ്രതികരിക്കും.ഇങ്ങിനെ പോയാല്‍ ഈ ദീപാവലി ഗംഭീരാമാകും എന്ന് തന്നെ വേണം കരുതാന്‍...